Crime
ബെംഗളൂരുവിൽ സുരക്ഷാജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്ത് എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കവര്‍ന്നു. രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ചു.

ബെംഗളൂരു: പട്ടാപ്പകല്‍ സുരക്ഷാജീവനക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്ത് എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച പണം കവര്‍ന്നു. ഇന്ന് കാലത്ത് കര്‍ണാടകയിലെ ബിദറിലായിരുന്നു നടുക്കുന്ന സംഭവം. സംഭവത്തിൽ വെടിയേറ്റ രണ്ട് സുരക്ഷാ ജീവനക്കാരും മരിച്ചു.
എസ്.ബി.ഐ. എ.ടി.എമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ അക്രമികള്‍ കവര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സുരക്ഷാജീവനക്കാരാണ് പണം കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്നത്. പണംകൊണ്ടുവന്ന വാഹനം എ.ടി.എം. കൗണ്ടറിന് മുന്നില്‍ നിര്‍ത്തിയതിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പണം സൂക്ഷിച്ച പെട്ടികളുമായി ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു.
വെടിയേറ്റവരില്‍ ഒരാള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റയാൾ പിന്നീട് ആശുപത്രിയില്‍വെച്ച് മരിച്ചു ‘
വെടിവെപ്പ് നടത്തിയശേഷം അക്രമികള്‍ പണപ്പെട്ടിയുമായി ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കേ തിരക്കേറിയ റോഡിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപ്രതികളും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായാണ് റിപ്പോര്‍ട്ട്. ‘