KERALA
പൂരാവേശം വാനോളം ഉയർത്തി തൃശൂർ; തെക്കേ ഗോപുര നടതുറന്ന് നെയ്‌തലക്കാവിലമ്മ, തിടമ്പേറ്റി എറണാകുളം ശിവകുമാർ

തൃശൂർ: 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂര ആഘോഷങ്ങൾക്ക് ശക്തന്റെ തട്ടകത്തിൽ തുടക്കമായി. ഉച്ചയ്‌ക്ക് നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്നതോടെ ആഘോഷങ്ങൾ തുടങ്ങി. ഘടകപൂരങ്ങൾക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്‌തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കൽപ്പം.
ഇത് ആറാം തവണയാണ് എറണാകുളം ശിവകുമാർ പൂര വിളംബരം ചെയ്യുന്നത്. നാളെയാണ് പ്രസിദ്ധമായ തൃശ്ശൂർ പൂരം. വർഷങ്ങളോളം തെക്കേ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നത് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനായിരുന്നു. ഏഴു വർഷം മുമ്പാണ് ഇതിൽ മാറ്റം വന്നത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന രാമചന്ദ്രൻ ഇക്കുറി ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രത്തിനു വേണ്ടിയാണ് കോലമേന്തുക. തൃശൂർ പൂരത്തിലെ പ്രധാന ഘടകക്ഷേത്രമാണ് ചെമ്പൂക്കാവ്.
നിരവധിപേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെക്കേ ഗോപുരനട തുറക്കുന്നതിന് സാക്ഷ്യംവഹിക്കാനായി എത്തിയത്. തുടർന്ന് മേളം അരങ്ങേറി. ഇന്നലെ രാവിലെ ആരംഭിച്ച തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ചമയ പ്രദർശനം ഇന്ന് അവസാനിക്കും. ഇന്നലെ വൈകിട്ട് സ്വരാജ് റൗണ്ടിലെ പന്തലിൽ ലൈറ്റ് തെളിയിച്ചു. ഏഴ് മണിയോടെ ആദ്യം തിരുവമ്പാടിയും പിന്നാലെ പാറമേക്കാവും സാമ്പിൾ വെടിക്കെട്ടിന് തീകൊളുത്തി.