Education
എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 2024-25 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളനത്തിലാവും ഫലം പ്രഖ്യാപിക്കുക. തുടർന്ന് results.kite.kerala.gov.in/, sslcexam.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം ലഭ്യമാവും.
സംസ്ഥാനത്തൊട്ടാകെ 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇതിൽ 2,17, 696 ആൺകുട്ടികളും 2,09, 325 പെൺകുട്ടികളും ഉൾപ്പെടുന്നു.
സർക്കാർ മേഖലയിൽ നിന്നും 1,42,298 വിദ്യാർഥികളും എയ്ഡഡ് സ്കൂളുകളിൽ നിന്നും 2,55,092 വിദ്യാർഥികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും 29,631വിദ്യാർഥികളും പരീക്ഷയെഴുതി. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതിയിട്ടുണ്ട്.
അതേസമയം, അടുത്ത വർഷം മുതൽ സബ്ജക്റ്റ് മിനിമവും നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതൽ പരിശീലനം നല്‍കും.