KERALA
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്തു
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. മുഖ്യമന്ത്രിയുടെയും ഗൗതം അദാനിയുടെയും ജനപ്രനിധികളുടെയും സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ്. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെ മോദി ഉദ്ഘാടന വേദിയിൽ എത്തി.
അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്.
പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി.
രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കി. ഇൻഡി സഖ്യത്തിലെ പ്രധാന നേതാക്കളാണല്ലോ പിണറായി വിജയനും ശശി തരൂരും. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുമെന്നും മോദി പറഞ്ഞു.
ഞാൻ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.
രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം മിലെനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനങ്ങിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നും പുകഴ്ത്തിയാണ് മുഖ്യമന്ത്രിയെ മന്ത്രി വി.എന്‍.വാസവന്‍ സ്വാഗതം ചെയ്തത്.
