Crime
കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

ന്യൂഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന ചൂണ്ടിക്കാട്ടിയാണ് സ്റ്റേ അനുവദിക്കണമെന്നുമാണ് ആവശ്യവുമായി കെ.എം.എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചത്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് പിന്നിലെന്നും എബ്രഹാം ഹര്‍ജിയില്‍ പറഞ്ഞിരുന്നു.അഴിമതി നിരോധനനിയമ പ്രകാരം പൊതുസേവകന്റെ പേരില്‍ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. അതില്ലാതെയുള്ള സിബിഐ അന്വേഷണം നിയമവിരുദ്ധമാണ്. മുംബൈയിലെയും തിരുവനന്തപുരത്തെയും ഫ്‌ളാറ്റുകള്‍ വായ്പയെടുത്തു വാങ്ങിയതും കൊല്ലത്തെ സ്ഥലം കുടുംബസ്വത്തായി കിട്ടിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.