International
പാക് സെെനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സെെന്യം തകർത്തു .ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് തകർത്തത്.

ശ്രീനഗർ: പാകിസ്ഥാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സെെന്യം നൽകുന്നത്. പാക് സെെനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സെെന്യം തകർത്തെന്നാണ് പുതിയതായി പുറത്തുവരുന്ന വിവരം. ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് തകർത്തത്. ജമ്മുവിന് സമീപം നിലയുറപ്പിച്ച സെെനികരാണ് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയതെന്നും സെെനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന്റെ വീഡിയോയും എഎൻഐ പുറത്തുവിട്ടിച്ചുണ്ട്.
ഇന്ന് പുലർച്ചെ പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളിൽ ശക്തമായ സ്‌ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്. ഇതോടെ, തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള ഒരു പ്രധാനപ്പെട്ട സ്ഥാപനം ഉൾപ്പെടെ, രാജ്യത്തിന്റെ വ്യോമാതിർത്തിയിലുള്ള എല്ലാ സിവിലിയൻ, വാണിജ്യ കെട്ടിടങ്ങളെല്ലാം അടച്ചുപൂട്ടാൻ പാകിസ്ഥാൻ സർക്കാർ നിർബന്ധിതരായി.ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്ററിൽ മാത്രം അകലെ രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ള ഒരു പ്രധാന സ്ഥലമായ റാവൽപിണ്ടിയിലെ നൂർ ഖാൻ, മുരിദ്, റഫീഖി എന്നീ മൂന്ന് വ്യോമസേനാ കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ നടന്നുവെന്നാണ് പാകിസ്ഥാൻ സൈന്യം പുറത്തുവിടുന്ന വിവരം. നൂർ ഖാൻ വ്യോമതാവളത്തിന് തീപിടിച്ചതായി കാണിക്കുന്ന ചില വീഡിയോകൾ പാകിസ്ഥാൻ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ വീഡിയോയുടെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പാകിസ്ഥാനിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വ്യോമസേനാ കേന്ദ്രമാണ് നൂർ ഖാൻ. മുമ്പ് ചക്ലല എയർ ബേസ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.