KERALA
ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭയം വേണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ഇന്ധനക്ഷാമമുണ്ടാകുമെന്ന ഭയം വേണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി). രാജ്യത്ത് ആവശ്യത്തിന് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ കരുതിയിട്ടുണ്ടെന്നും ഭയക്കേണ്ടതില്ലെന്നും ഐഒസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആളുകൾ ധാരാളമായി പെട്രോൾ പമ്പുകൾക്കു മുന്നിൽ തടിച്ചു കൂടുന്നതിന്‍റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പടർന്നതിനു പിന്നാലെയാണ് ഐഒസി പരസ്യ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ ഇന്ധന വിതരണം സുഗമമായി മുന്നോട്ടു പോകുകകയാണെന്ന് എക്സിലൂടെ പുറത്തു വിട്ട കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിലാണ് പരിഭ്രാന്തി പടർന്നിരിക്കുന്നത്.
അനാവശ്യമായി തിരക്ക് പിടിക്കാതെ ശാന്തമായി തുടരേണ്ടതാണെന്നും എല്ലാവർക്കും ഇന്ധനം ലഭ്യമാകുമെന്നും ഐഒസി വ്യക്തമാക്കി. ആവശ്യത്തിന് ഇന്ധനമുള്ളതായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും വ്യക്തമാക്കിയിട്ടുണ്ട്.