International
പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു.

ന്യൂഡല്‍ഹി: അതിർത്തിയിലെ പ്രകോപനത്തിനു തിരിച്ചടി നൽകി പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍ക്കോട്ട്) എന്നീ വ്യോമതാവളങ്ങള്‍ക്കുനേരെയാണ് ഇന്ത്യന്‍ സൈനികർ അക്രമം നടത്തിയത്.
മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി സ്ഥിരീകരിച്ചു. ഇസ്ലാമാദില്‍ പുലര്‍ച്ചെ നാലുമണിക്ക് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാക് സൈനിക മേധാവിയുടെ സ്ഥിരീകരണം.
ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനം നടത്തിയത്. പാകിസ്താന്റെ സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയിലടക്കം ഉഗ്ര ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായത്. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണിത് സ്ഥിതിചെയ്യുന്നത്. വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ പാകിസ്താന്‍ എല്ലാ വ്യോമഗതാഗതവും നിര്‍ത്തിവെച്ചു. പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ പാക് വ്യോമപാത അടച്ചതായി പാക് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.