Crime
പി സി ജോർജിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും യൂത്ത് ലീഗ് പരാതി നൽകി

കോഴിക്കോട്: മുസ്ലീം സമുദായത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് യൂത്ത് ലീഗ് മുൻ എം എൽ എ പി സി ജോർജിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പ്രസംഗം.
പി സി ജോർജിനെതിരെ പരാതി നൽകിയ വിവരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവ്വം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ഫിറോസ് ആരോപിക്കുന്നു.കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലീം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ഗൗരവകരമായ നുണയാരോപണങ്ങളാണ് പി സി ജോർജ് ഉന്നയിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.