KERALA
സംസ്ഥാനത്ത് വ്യാപകമായി ഇന്ന് കനത്ത മഴ പലയിടങ്ങളിലും വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഇന്ന് കനത്ത മഴ പെയ്‌തു. പലയിടങ്ങളിലും വെളളക്കെട്ടും വ്യാപക നാശനഷ്‌ടവുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. തലസ്ഥാനത്ത് മഴ കനത്തതോടെ അരുവിക്കര ഡാമിലെ രണ്ട് ഷട്ടറുകൾ ഉയർത്തി.പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മീരാ സാഹിബ്, അൻവർ, മുഹമ്മദ് ഹനീഫ എന്നീ മത്സ്യ തൊഴിലാളികൾ തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തിൽ സുരക്ഷിതമായെത്തിയെന്ന് വിവരം ലഭിച്ചു. ഇവരെ കോസ്‌റ്റ്‌ഗാർഡ് രക്ഷപ്പെടുത്തി തേങ്ങാപട്ടണത്തിലെത്തിക്കുകയായിരുന്നു. സംസ്ഥാനത്ത് കനത്ത കാറ്റിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം ബോണക്കാട്ട് മണ്ണിടിച്ചിൽ,മിന്നൽ പ്രളയ സാദ്ധ്യത മുൻനിർത്തി നാട്ടുകാരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. പെരുമ്പാവൂരിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും വിവിധ റോഡുകളിൽ വെളളക്കെട്ടുണ്ട്. എങ്കിലും മഴയെ വകവയ്‌ക്കാതെ സ്ഥാനാർത്ഥികൾ ചൂടേറിയ പ്രചാരണത്തിലാണ്.ആലുവയിൽ ഇരുപതോളം വീടുകളിലേക്ക് വെളളംകയറി. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് വ്യാപകമായി മഴ പെയ്‌തത്. കൂട്ടുമാടം ക്ഷേത്രത്തിൽ മഴയിൽ മരം വീണു. ആലപ്പുഴ കാർത്തികപ്പളളിയിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. സംസ്ഥാന വ്യാപകമായി മണ്ണിടിച്ചിൽ സാദ്ധ്യതയുളള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.