KERALA
ആക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നു കെ.സുധാകരൻ

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ സിപിഎം നടത്തുന്ന ആക്രമം അവസാനിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ആക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ആക്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സിപിഎം ഒടുവില്‍ തലകുനിക്കേണ്ടിവരും.
വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ചത് ഇ.പി ജയരാജനാണ്. അദ്ദേഹത്തിന് എതിരെയാണ് കേസെടുക്കേണ്ടത്. ഓരോ തവണയും കാര്യങ്ങള്‍ മാറ്റിപ്പറയുകയാണ് ഇ.പി ചെയ്യുന്നത്. കള്ളം പറയാനും വിടുവായത്തം പറയാനും മാത്രമാണ് ഇ.പി വാതുറക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
വിമാനത്തിനുള്ളിലെ പ്രതിഷേധം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല. അത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല. അതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ പ്രതിഷേധിച്ചവരെ തള്ളിപ്പറയാന്‍ തയ്യാറല്ലെന്നും സുധാകരന്‍ പറഞ്ഞു.
പുതിയൊരു പ്രതിഷേധരീതിയെന്ന നിലയില്‍ പ്രവര്‍ത്തകര്‍ സ്വമേധയാ ചെയ്തതാണ് വിമാനത്തിനുള്ളിലെ സംഭവം. അതിനെ നിയമപരമായി തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ച ഇ.പി ജയരാജന്റെ പ്രവര്‍ത്തിയാണ് നിയമലംഘനം. അതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. നിയമപരമായി അതിനെ നേരിടാനാണ് തീരുമാനം.
കള്ള് കുടിച്ചുവെന്ന് കള്ളം പറഞ്ഞു. ഏതെങ്കിലുമൊരു കാര്യം ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ജയരാജന് ഇന്നുവരെ കഴിഞ്ഞിട്ടുണ്ടോയെന്നും സിപിഎം രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അദ്ദേഹത്തെ ഉള്‍ക്കൊള്ളുന്നതെന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു