Crime
മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!’ സ്വപ്ന സുരേഷിനെ പരിഹസിച്ച് കെ ടി ജലീൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പരിഹസിച്ച് മുൻമന്ത്രി കെ ടി ജലീൽ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യർ, കെ ടി ജലീലിന്റെ ബിനാമിയാണെന്നായിരുന്നു സ്വപ്ന പറഞ്ഞത്. ഇതിനെ പരിഹസിച്ചാണ് ജലീൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
‘തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ ജലീൽ സമ്മർദം ചെലുത്തിയതായും സ്വപ്ന ആരോപണം ഉന്നയിച്ചിരുന്നു. വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീറിനെ ജലീൽ സ്വാധീനിച്ചുവെന്നും കോൺസൽ ജനറലുമായി ജലീലിന് അടുത്ത ബന്ധമുണ്ടെന്നും ഇവർ തമ്മിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ സത്യവാങ്‌മൂലത്തിൽ പറയുന്നുണ്ട്.ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യർ ജലീലിന്റെ ബിനാമിയാണ്. മുംബൈ ആസ്ഥാനമായിട്ടാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. ബിനാമി സഹായത്തോടെ ഖുറാൻ കൊണ്ടുവന്നു. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നുണ്ട്.മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, കെ ടി ജലീൽ, പി ശ്രീരാമകൃഷ്‌ണൻ, എം ശിവശങ്കർ തുടങ്ങിയവർ കോൺസുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടന്നും ഇതുമായി ബന്ധപ്പെട്ട തന്റെ രഹസ്യമൊഴി പുറത്തുവരുന്നത് തടയാൻ ജലീൽ ശ്രമിക്കുന്നതായും സ്വപ്ന കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ മൊഴി നൽകിയിരുന്നു.