KERALA
ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്ത് നിർമ്മിക്കുന്നു.42.90 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്ത് നിർമ്മിക്കുന്നു. കാലിത്തൊഴുത്തിനും, ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് പാതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ചീഫ് എൻജിനീയർ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് ഈ നടപടി.
മുഖ്യമന്ത്രിക്കായി 33.31 ലക്ഷം രൂപ വിലയുള്ള കിയാ കാർണിവൽ കാർ വാങ്ങാൻ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള കാറാണിത്. നേരത്തേ വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരമായാണ് കിയാ കാർണിവൽ വാങ്ങുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്‌കോർട്ട് ഡ്യൂട്ടിക്കായി ഉയോഗിക്കും.ഇവ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിറുത്തും.
ഡിസംബറിലാണ് മുഖ്യമന്ത്രിക്ക് പുത്തൻ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. കെ.എൽ.01 സി.ടി 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്. ഇനി യാത്ര കിയാ കാർണിവലിലേക്ക് മാറും.