Connect with us

KERALA

ഒരു കാരണവശാലും വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് പ്രതിപക്ഷ നേതാവ്

Published

on

ഒരു കാരണവശാലും വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി.വൈദ്യുതി നിരക്ക് വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അഴിമതിയും കെടുകാര്യസ്ഥതയും കാരണമുണ്ടായ കടബാധ്യതകളാണ് കെ.എസ്.ഇ.ബിക്ക് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ”അഴിമതി കാരണമുണ്ടായ കടബാധ്യതകളാണ് കെ.എസ്.ഇ.ബിക്ക് ഇപ്പോഴുള്ളത്. അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടാക്കിയ വലിയ ബാധ്യതയിലേക്ക് വൈദ്യുതി ബോർഡ് പോകുമ്പോൾ ഭാരം മുഴുവൻ സാധാരണക്കാരായ ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ അതിശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഒരു കാരണവശാലും വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമല്ല ഇന്നുള്ളത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജനങ്ങൾ പോകുന്ന സമയമാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വലിയ ഭാരം വൈദ്യുതി ബോർഡ് നിരക്ക് വർധനവിലൂടെ ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് ബസ് ചാർജ് വർധിപ്പിച്ചു. ഉടനെ വൈദ്യുതി ചാർജ് വർധിപ്പിച്ചു. ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണ്,” വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ തീരുമാനമെടുത്തതിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

‘കേരളത്തിലെ മുഖ്യമന്ത്രി കാർ വാങ്ങുന്നതിനെയൊന്നും ഞാൻ വിമർശിക്കുന്നില്ല. പക്ഷെ എന്തുകൊണ്ടാണ് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നത്. ഒന്ന്, വരുമാനമില്ല, നികുതി പിരിവിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ നികുതി പിരിച്ചെടുക്കാൻ കഴിയുന്നില്ല. രണ്ട്, ധൂർത്താണ്, ആവശ്യമില്ലാത്ത കാര്യത്തിനെല്ലാം പണം ചിലവാക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെ മുൻഗണന എന്താണ്. കഴിഞ്ഞ ദിവസം റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിൽ ഇന്ത്യയിലെ ഏറ്റവും അപകടകരമായ സാമ്പത്തിക പ്രശ്നങ്ങളുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇത് കേരളം ഉണ്ടാക്കിവെച്ചതാണ്. ജി.എസ്.ടിയുടെ നഷ്ടപരിഹാരം ഇപ്പോൾ തീരും. കമ്മി ബജറ്റിന് കേന്ദ്ര സർക്കാർ കൊടുക്കുന്ന നഷ്ടപരിഹാരത്തുകയും ഉടനെ തീരും. ഇത് രണ്ടും ഇല്ലാതായാൽ ശമ്പളം കൊടുക്കാൻ പോലും പണമില്ലാതെയാകും. അതിനിടയിലാണ് ഒരുപാട് ധൂർത്തുകൾ വരുന്നത്.

സർക്കാരിന്റെ കടബാധ്യത സംബന്ധിച്ച ഒരുപാട് സംശയങ്ങൾ ജനങ്ങൾക്കിടയിലുണ്ട്. ഈ കടബാധ്യത സംബന്ധിച്ചും കിട്ടാനുള്ള പണം സംബന്ധിച്ചും ഒരു ധവളപത്രം സർക്കാർ അടിയന്തരമായി പുറപ്പെടുവിക്കണം.ഈ സാമ്പത്തിക സ്ഥിതിയുടെ കുഴപ്പങ്ങളും ബാധ്യതകളും സർക്കാർ മറച്ചുവെക്കുകയാണ്. അടുത്തമാസം ശമ്പളം കൊടുക്കാൻ പണമുണ്ടാവില്ലെന്ന് ഇടയ്ക്ക് ധനകാര്യ മന്ത്രി അറിയാതെ പറയുന്നുണ്ട്. മുഖ്യമന്ത്രി കാർ വാങ്ങുന്നതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്. അടുത്തമാസം ശമ്പളം കൊടുക്കാൻ പണമില്ല, എന്ന് ധനകാര്യ മന്ത്രി പറയുമ്പോൾ എന്തിനാണ് സർക്കാർ എല്ലാ കാര്യത്തിലും ഇങ്ങനെ ധൂർത്തടിക്കുന്നത്. ധനകാര്യ വകുപ്പിന് ഇതിൽ ഒരു നിയന്ത്രണവുമില്ല, റോളില്ല, നിഷ്‌ക്രിയമായി നിൽക്കുകയാണ്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്,” പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിത്തകർത്തതുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിൽ വന്ന് നടത്തിയ ആഹ്വാനം കേട്ട് രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് തുരത്താൻ ഇറങ്ങിയിരിക്കുകയാണ് സി.പി.ഐ.എമ്മുകാരെന്നും അതിനുള്ള ശേഷി ബി.ജെ.പിക്കാർക്കില്ലാത്തതിനാൽ ആ ക്വട്ടേഷൻ സി.പി.ഐ.എമ്മുകാർ ഏറ്റെടുത്തതാണെന്നും വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ അതിന് ശേഷിയുള്ളവർ സി.പി.ഐ.എമ്മിലുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഡ്നി രോഗികൾക്കും ഹൃദയസംബന്ധമായ രോഗികൾക്കും വേണ്ടി രാഹുൽ ഗാന്ധി നടത്തുന്ന പദ്ധതികളുടെയെല്ലാം ഫയലുകൾ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാരെ ഉപയോഗിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി മോഷ്ടിച്ചുകൊണ്ട് പോയെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് വയനാട്ടിൽ സിപി.ഐ.എം മാർച്ച് നടത്തുന്നത് ആർക്കെതിരെയാണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സി.പി.ഐ.എമ്മുകാരെ കാണുമ്പോൾ മൊത്തത്തിൽ ഒരു കിളി പറന്നുപോയോ എന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേർത്തു.

Continue Reading