Connect with us

Crime

ബ്രൂവറി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഫയലുകള്‍ വിളിച്ചുവരുത്താന്‍ കോടതി അനുമതി

Published

on


തിരുവനന്തപുരം: അനധികൃത ബ്രൂവറി അനുവദിക്കുന്നത് സംബന്ധിച്ച കേസില്‍  സര്‍ക്കാരിന് തിരിച്ചടി. ഇത് സംബന്ധിച്ച ക്രമക്കേട് നടന്നിട്ടുണ്ടെന്നും നികുതി വകുപ്പിലെ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ഫയലുകള്‍ വിളിച്ചുവരുത്താന്‍ കോടതി അനുമതി നല്‍കി. മാത്രമല്ല, ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യാമെന്നും
തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

ക്രമക്കേട് നടന്നിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര്‍ ഹര്‍ജി നല്‍കിയെങ്കിലും ഇതും കോടതി തള്ളുകയായിരുന്നു. കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. ഇത് പരിശോധിച്ചാകും തുടര്‍നടപടി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ്  പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം മുന്‍ എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ അനധികൃതമായി തീരുമാനമെടുത്തുവെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.കേസില്‍ ജൂലായ് 17-ന് വിസ്താരം തുടങ്ങും.

Continue Reading