Connect with us

NATIONAL

രണ്ടു വയസുകാരനായ സഹോദരന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വാഹനം ലഭിക്കാത്തതിനെ തുടർന്ന് മടിയിൽ വെച്ച് കാത്തിരിക്കുന്ന സഹോദരന്റെ ചിത്രം വൈറലാകുന്നു

Published

on

മൊറേന: രണ്ടു വയസുകാരനായ സഹോദരന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വാഹനം ലഭിക്കാത്തതിനെ തുടർന്ന് റോഡരികിൽ ജീവനറ്റ ശരീരം മടിയിൽ വെച്ച് കാത്തിരിക്കുന്ന സഹോദരന്റെ ചിത്രം വൈറലാകുന്നു. കുഞ്ഞുമൃതദേഹം മടിയിൽ വച്ച് റോഡരികിൽ പിതാവിനേയും കാത്തിരിക്കുകയാണ് ഈ എട്ടുവയസുകാരനെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം.

ജില്ലാ ആശുപത്രിയിൽ നിന്നും മരണം സ്ഥിരീകരിച്ച കുഞ്ഞുമകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആംബുലൻസിനായി അലഞ്ഞുതിരിയുന്ന പിതാവിനെ നോക്കിയാണ് എട്ടുവയസുകാരൻ അവിടെ ഇരിക്കുന്നത്. സോഷ്യൽമീഡിയയിലൂടെ പുറംലോകത്തെത്തിയ ഈ ചിത്രം ഏറെ വിവാദമായിട്ടും ജില്ലാ ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.

ഒരുപാട് അലഞ്ഞെങ്കിലും ആംബുലൻസ് ഇല്ലെന്ന് പറഞ്ഞ ആശുപത്രി ജീവനക്കാർ ഒടുവിൽ ആളുകൾ ഇടപെട്ടതോടെ വാഹന സൗകര്യം ഏർപെടുത്തുകയും മൂന്നുപേരും നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. മധ്യപ്രദേിലെ മൊറേന ജില്ലയിലെ അംബ ബദ്ഫ്ര ഗ്രാമത്തിലെ പൂജാറാം ജാദവ് ആണ് അസുഖബാധിതനായ തന്റെ രണ്ട് വയസ്സുള്ള മകൻ രാജയെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. വിളർച്ച ബാധിച്ച രാജ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, ആദ്യം ചികിത്സിച്ചിരുന്ന അംബ ആശുപത്രിയിൽ നിന്ന് രാജയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഉടൻ തന്നെ തിരിച്ചുപോയിരുന്നു. പിന്നീട് ചികിത്സയിൽ തുടരവെ മകൻ മരിച്ചതോടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ വാഹനം വേണമെന്ന് പൂജാറാം ആശുപത്രിയിലെ ഡോക്ടർമാരോടും ജീവനക്കാരോടും ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയിൽ വാഹനമില്ലെന്നും പുറത്തുനിന്നും കാർ വാടകയ്‌ക്കെടുത്ത് മൃതദേഹം കൊണ്ടുപോകൂവെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ എട്ടുവയസ്സുള്ള മൂത്തമകൻ ഗുൽഷന്റെ കൈയ്യിൽ കുഞ്ഞു രാജയുടെ മൃതദേഹം ഏൽപിച്ച് പിതാവ് ആംബുലൻസ് തേടി പുറത്തേക്ക് പോവുകയായിരുന്നു. ഒരു മണിക്കൂറോളം ഗുൽഷൻ രണ്ട് വയസ്സുള്ള സഹോദരന്റെ മൃതദേഹം മടിയിൽ കിടത്തി നിലത്തിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

അതേസമയം, സംഭവം വാർത്തയായതോടെ ഇക്കാര്യം അറിഞ്ഞ് കോട് വാലി ടിഐ യോഗേന്ദ്ര സിംഗ് സ്ഥലത്തെത്തുകയും രാജയുടെ മൃതദേഹവുമായി നേരെ ജില്ലാ ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. പോലീസ് ഇടപെട്ടതോടെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഉടൻ തന്നെ ആംബുലൻസ് ക്രമീകരിക്കുകയും മൂവരെയും അംബയിലേക്ക് അയയ്ക്കുകയും ചെയ്‌തെന്നാണ് വിവരം.

Continue Reading