Connect with us

NATIONAL

ശബരിമല വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി

Published

on


തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ ഉന്നതതല തീരുമാനം. ഹൈക്കോടതി വിധി അംഗീകരിച്ചാണിത്.  

സംവിധാനത്തിന്റെ  നിയന്ത്രണത്തിലും  തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും  പൊലീസ് സഹായം തുടരും.വിർച്വൽ ക്യൂവിന്  ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കും. ഐടി വിഭാഗം ശക്തിപ്പെടുത്തും. ബന്ധപ്പെട്ടവർക്ക് ആവശ്യമായ പരിശീലനം പൊലീസ് നൽകും. ആവശ്യമെങ്കിൽ താൽക്കാലിക സാങ്കേതിക സഹായവും നൽകും. 

പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിൽ പൊലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനി മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പോലീസ് സഹായം ഉണ്ടാവും. 

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനും ഭീഷണികളുണ്ടായാൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്  പൊലീസിന്റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ , ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading