NATIONAL
വയോധികക്ക് ലോട്ടറിയടിച്ചത് മത്സ്യത്തിന്റെ രൂപത്തില്‍ ഭോല കിട്ടിയതോടെ കുടുംബവും രക്ഷപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വയോധികയെ ഭാഗ്യം തേടിയെത്തിയത് മത്സ്യത്തിന്റെ രൂപത്തിലാണ്. ലക്ഷങ്ങളോളം വിലവരുന്ന മത്സ്യമാണ് അപ്രതീക്ഷിതമായി വയോധികയുടെ കണ്‍മുന്നില്‍ പെട്ടത്. ഈ മീനിനെ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിറ്റ ഇവര്‍ക്ക് ലഭിച്ചത് മൂന്ന് ലക്ഷം രൂപയാണ്. സാഗര്‍ ദ്വീപിലെ ഛക്ഭുല്‍ഡൂബിയിലുള്ള പുഷ്പ കര്‍ എന്ന വൃദ്ധയ്ക്കാണ് നദിയിലൂടെ ഒഴുകിനടന്ന അപൂര്‍വ മത്സ്യത്തെ കിട്ടിയത്. ജലോപരിതലത്തിലൂടെ ഒഴുകി നടക്കുന്ന കൂറ്റന്‍ മത്സ്യത്തെ ഇവര്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെയാണ് മത്സ്യത്തെ കരയ്ക്കടുപ്പിച്ചത്.
അപൂര്‍വ മത്സ്യമായ ‘ഭോല’ മത്സ്യത്തെയാണ് ഇവര്‍ക്ക് ലഭിച്ചത്. കപ്പലിലോ മറ്റു മത്സ്യബന്ധന ബോട്ടുകളിലോ തട്ടി പരുക്കേറ്റാകാം മത്സ്യം ചത്തതെന്നാണ് നിഗമനം. വിപണിയില്‍ ഏറെ മൂല്യമുള്ള മത്സ്യത്തെ ഉടന്‍ തന്നെ ഇവര്‍ സമീപത്തെ മത്സ്യമാര്‍ക്കറ്റിലെത്തിച്ചു. ഈ മത്സ്യത്തിന്റെ കൊഴുപ്പിനും ആന്തരികാവയവങ്ങള്‍ക്കും വിപണിയില്‍ ഏറെ മൂല്യമള്ളത്. വിപണിയില്‍ ഈ മത്സ്യ എണ്ണയ്ക്ക് കിലോക്ക് 80,000 രൂപയില്‍ അധികം വിലയുണ്ട്.
സാഗര്‍ ദ്വീപിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗം മത്സ്യബന്ധനമാണ്. 52 കിലോയാളം തൂക്കമുണ്ടായിരുന്നു ഈ മത്സ്യത്തിന്. കിലോക്ക് 6200 രൂപയ്ക്കാണ് വ്യാപാരികള്‍ മത്സ്യം ഏറ്റെടുത്തത്. മൂന്ന് ലക്ഷത്തോളം രൂപയാണ് പുഷ്പാ കര്‍ എന്ന വൃദ്ധയ്ക്ക് മത്സ്യത്തെ വിറ്റതിലൂടെ ലഭിച്ചത്. ഒട്ടേറെ ഔഷധഗുണമുളള മത്സ്യഎണ്ണ മരുന്നു നിര്‍മാണത്തിനും മറ്റുമായി ഉപയോഗിക്കാറുണ്ട്. ദാരിദ്രത്താല്‍ കഴിയുന്ന പുഷ്പകറുടെ കുടുംബം മത്സ്യത്തിലൂടെ ലോട്ടറിയടിച്ച സന്തോഷത്തിലാണ്.