KERALA
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ തുടർച്ചയായുള്ള അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.
മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി തീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം എന്ന് മുന്നറിയിപ്പുണ്ട്.
ഇന്ന് രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 10 ജില്ലകളിൽ റെഡ് അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകലില്‍ റെഡ് അലര്‍ട്ടും തിരുവനതപുരം, കൊല്ലം, പത്തനമിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 7 ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. പത്തനംതിട്ടയിലെ മൂഴിയാറിലും തൃശൂരിലെ പെരിങ്ങൾകുത്തിലും റെഡ് അലർട്ട്.