Crime
എസ്.എഫ്.ഐ വനിതാ നേതാവിനെ ജയിപ്പിക്കാൻ മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായി പരാതി

തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത എസ്.എഫ്.ഐ വനിതാ നേതാവിന് ഗ്രേസ് മാർക്ക് നൽകിയതായി പരാതി.ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വൈസ്ചാൻസലർ ഒപ്പിട്ട് സർട്ടിഫിക്കറ്റ് നൽകിയെന്ന് ഗവർണർക്ക് പരാതി. ബി.എ ആറാം സെമസ്റ്റർ പരീക്ഷയിൽ തോറ്റ നേതാവിനെ ജയിപ്പിക്കാനാണ് ഇങ്ങിനെ വ്യാജമായി ഗ്രേസ് മാർക്ക് നൽകിയതെന്നാണ് പരാതി.
സ്റ്റുഡന്റസ് സർവീസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് വിസി സർട്ടിഫിക്കറ്റ് നൽകിയത്. തോറ്റ മാർക്ക് ലിസ്റ്റ് പിൻവലിച്ച ശേഷം 10ഗ്രേസ് മാർക്ക് വ്യാജമായി നൽകി വിദ്യാർത്ഥിനിയെ ഭരതനാട്യം ഡി ഗ്രേഡിൽ ജയിപ്പിച്ചതായും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിലുണ്ട്.മലയാളം സ്കിറ്റിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജയിച്ചവർ തങ്ങളുടെ ടീമിൽ വനിതാ നേതാവ് പങ്കെടുത്തില്ലെന്ന് പരാതിപെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിജയികൾ വി.സിക്ക് പരാതി നൽകിയിട്ടും അവഗണിച്ചു. പിന്നാലെ, യുവജനോത്സവത്തിൽ പങ്കെടുത്തവരുടെ രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ കാണാതായി. എസ്.എഫ്.ഐ നേതാവിനെ ജയിപ്പിക്കാൻ വ്യാജമായി ഗ്രേസ് മാർക്ക് നൽകിയത് റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.