NATIONAL
അടുത്ത് 25 വർഷം രാജ്യത്തിന് അതിപ്രധാനമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ നിറവില്‍ ഇന്ത്യ. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കീയിരിക്കുന്നത്. രാവിലെ 7.30 പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യതു. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി.7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊവിഡ് മുന്നണി പോരാളികളും , മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു.
അടുത്ത് 25 വർഷം രാജ്യത്തിന് അതിപ്രധാനമാണെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള സമയമായി. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയാണ്. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനമാണ്.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. സമ്പൂര്‍ണ വികസിത ഭാരതം, അടിമത്ത നിര്‍മ്മാര്‍ജ്ജനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധര്‍മം പാലിക്കല്‍ എന്നീ 5 ലക്ഷ്യങ്ങളാണ് അടുത്ത 25 വര്‍ഷത്തേക്ക് പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നേറി. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ജന്മസിദ്ധമാണെന്ന് തെളിയിച്ചു. ഭീകരവാദവും തീവ്രവാദവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.
ഈ 75 വർഷങ്ങൾ സുഖദുഃഖ സമ്മിശ്രമായിരുന്നു. നിശ്‌ചയദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിന് ജീവൻ നൽകിയവരെ നന്ദിയോടെ സ്മരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം വീട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ഓരോ ഇന്ത്യക്കാരനും സ്വന്തം മാതൃഭാഷയില്‍ അഭിമാനിക്കണം. നമ്മുടെ പാരമ്പര്യത്തില്‍ നാം അഭിമാനം കൊള്ളണം. രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നില്‍ക്കണം. ഓരോരുത്തരും പൗരന്റെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും മോദി പറഞ്ഞു. സാമൂഹികമായ ഉണര്‍വ് അടുത്തകാലത്തുണ്ടായി. ജനത കര്‍ഫ്യു അടക്കം കോവിഡ് പ്രതിരോധ നടപടികള്‍ ഈ ഉണര്‍വിന്റെ ഫലമാണ്. സ്ത്രീ വിരുദ്ധത തുടച്ചു നീക്കണം. അഴിമതി ഇല്ലാതാക്കണം. അഴിമതിയും കുടുംബവാഴ്ചയും രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.