Crime
കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തില്‍ രോഷാകുലനായി ഗവര്‍ണർ

തിരുവനന്തപുരം: കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തില്‍ രോഷാകുലനായി ഗവര്‍ണര്‍. ‘കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം താന്‍ കണ്ടു. അത് വളരെ ദൗര്‍ഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താന്‍ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമര്‍ശം അംഗീകരിക്കാനാവില്ല. ഇത്രയും അപമാനകരമായ ഒരു പരാമര്‍ശത്തെ കുറിച്ച് നമ്മള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമര്‍ശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങിനെയാണ് ഇതൊക്കെ പറയാന്‍ കഴിയുന്നത്,’ അദ്ദേഹം പറഞ്ഞു.
ആയുധം എടുക്കില്ലെന്നതല്ല അഹിംസയെന്ന് ഗവര്‍ണര്‍ പറഞ്ഞു. അഹിംസയും സത്യാഗ്രഹവുമായിരുന്നു ഗാന്ധിയുടെ ആയുധം. എന്നാല്‍ ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. സൈനിക ശക്തി പ്രതിരോധത്തിന് മാത്രം ഉള്ളതാണ്. ആയുധം എടുക്കില്ല എന്നതല്ല അഹിംസ. കടന്നു കയറ്റം അനുവദിക്കില്ല. ഭീരുത്വമല്ല അഹിംസ. എല്ലാ വൈവിധ്യങ്ങളും അംഗീകരിക്കുന്ന സംസ്‌കാരമാണ് നമ്മുടേത്. അകത്തു നിന്നുള്ള ഭീഷണിനായാലും പുറത്തു നിന്നുള്ള ഭീഷണി ആയാലും സ്വയം പ്രതിരോധിക്കാന്‍ ആയുധം വേണമെന്നും അദ്ദേഹം പറഞ്ഞു.
പാങ്ങോട് സൈനിക ക്യാംപില്‍ ആസാദി കാ അമൃത് മഹോത്സവ് പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ജലീലിനുള്ള പ്രതികരണത്തിന്റെ സമയമല്ലെന്ന് പറഞ്ഞ അദ്ദേഹം, സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം വിശദമായി പറയുമെന്ന സൂചന കൂടിയാണ് മുന്നോട്ട് വെക്കുന്നത്. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ‘ആസാദ് കശ്മീര്‍’ എന്നടക്കം പരാമര്‍ശിക്കുന്ന വിവാദ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ദില്ലിയിലെ കേസും സംസ്ഥാനത്തെ പ്രതിപക്ഷ വിമര്‍ശനങ്ങളും ജലീലിനെ പിന്തുടരുമെന്ന് ഉറപ്പ്. ഇതിനിടയിലാണ് ഗവര്‍ണറും താന്‍ വളരെയധികം വേദനിച്ചുവെന്നും രോഷം തോന്നുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നത്.