Education
നിയമന വിവാദത്തിൽ മുന്‍ നിലപാട് തിരുത്തി പ്രിയ വര്‍ഗീസ്

കോഴിക്കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തന്റെ നിയമനത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ വിശദീകരണത്തില്‍ തിരുത്തുമായി പ്രിയാ വര്‍ഗീസ്. നിയമന നടപടികളുടെ ഭാഗമായി സര്‍വകലാശാല റിസര്‍ച്ച് സ്‌കോര്‍ പരിശോധിച്ചിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് പ്രിയ വര്‍ഗീസിന്റെ പുതിയ ഫേയ്‌സ്ബുക്ക് പോസ്റ്റ്.
യുജിസിയുടെ 2018ലെ ചട്ടപ്രകാരം 75 പോയിന്റ് വരെയുള്ള സ്‌കോര്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും അത് യൂണിവേഴ്‌സിറ്റി ചെയ്തിട്ടുണ്ടെന്നും പ്രിയ വര്‍ഗീസ് പറയുന്നു. 651 എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളില്‍ ഇറക്കുമതി ചെയ്ത റിസര്‍ച്ച് സ്‌കോര്‍ അവകാശവാദങ്ങള്‍ സര്‍വ്വകലാശാല ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞതെന്നും അവര്‍ പറയുന്നു.
ഇന്റര്‍വ്യൂമാര്‍ക്ക് നിര്‍ണയത്തിലെ റിസര്‍ച്ച്, പബ്ലിക്കേഷന്‍ എന്നീ കോമ്പോണനന്റ്‌സ് മേല്‍പ്പറഞ്ഞ സ്‌കോര്‍ അവകാശവാദങ്ങളെ മുന്‍നിര്‍ത്തിയാണ് ഇടേണ്ടതെന്നും പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഇത് ശരിയായ രീതിയിലല്ല നടന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ക്കും അവര്‍ കുറിപ്പില്‍ മറുപടി നല്‍കുന്നുണ്ട്. ഇന്റര്‍വ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് ലിസ്റ്റ് എന്ന് ആവര്‍ത്തിക്കുന്നതാണെന്ന വാദംതന്നെയാണ് അവര്‍ പുതിയ ഫേയ്‌സ്ബുക്ക് കുറിപ്പിലും ആവര്‍ത്തിക്കുന്നത്.
അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഡോ. പ്രിയാ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പിറകിലാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വിവരാവകാശ രേഖമൂലം പുറത്തുവന്ന റിസര്‍ച്ച് സ്‌കോര്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആണെന്നായിരുന്ന പ്രിയ വര്‍ഗീസ് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം. ഓണ്‍ലൈന്‍ അപേക്ഷകളില്‍ കമ്പ്യൂട്ടറില്‍ വരുന്ന ഓട്ടോ ജനറേറ്റഡ് മാര്‍ക്കുകളാണ് ഇവയെന്നും സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വകവെച്ചു തന്നിട്ടുള്ളതല്ലെന്നും പ്രിയാ വര്‍ഗീസ് പറഞ്ഞിരുന്നു.