Connect with us

KERALA

നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ എന്തിനാണ് ശ്രമിക്കുന്നതെന്ന് ഗവർണർ

Published

on

നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ എന്തിനാണ് ശ്രമിക്കുന്നതെന്ന് ഗവർണർ

ന്യൂഡൽഹി: ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിലൂടെ വ്യാപക ബന്ധുനിയമനത്തിന് വഴിയൊരുക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.
നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ എന്തിനാണ് ശ്രമിക്കുന്നതെന്ന് ഗവർണർ ചോദിച്ചു. സെലക്ഷൻ കമ്മിറ്റിയിൽ മാറ്റം വരുത്തുന്നത് എല്ലാ ബന്ധുക്കളെയും സർവകലാശാലകളിൽ നിയമിക്കുന്നതിന് വേണ്ടിയാണ്. അതാണ് സർക്കാരിന്റെ ഉദ്ദേശം. എന്നാൽ ബില്ല് തന്റെ പരിഗണനയ്ക്ക് വരുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിനിടെ തന്നെ കയ്യേറ്റം ചെയ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനും സംഘത്തിനുമെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഗവർണർ പറഞ്ഞു. പ്രധാനമന്ത്രി ഒരു യോഗത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇതുപോലെ എന്തുകൊണ്ട് പെരുമാറുന്നില്ല? എന്തുകൊണ്ട് ഇത്തരത്തിൽ അലിഗഢിൽ ചെയ്യുന്നില്ല? എന്തുകൊണ്ടെന്നാൽ ഭരണകൂടം വ്യത്യസ്തമാണ്. അവർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹബീബിന് അറിയാമെന്നും ഗവർണർ പറഞ്ഞു.രാഷ്ട്രപതിയെയോ ഗവർണറെയോ ശല്യപ്പെടുത്തിയാൽ നിയമനടപടി സ്വീകരിക്കാനും ഏഴ് വർഷംവരെ തടവ് ലഭിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ ആർക്കെതിരെയും ഒരു നടപടിയുമുണ്ടായിട്ടില്ല. പരിപാടിയിലെ വേദിയിൽ കണ്ണൂർ വൈസ് ചാൻസലറും ഇർഫാൻ ഹബീബും മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. ആ സത്രീ വളരെ മോശമായ ഭാഷയാണ് ഉപയോഗിച്ചത്. പക്ഷേ അവർക്ക് ഉറപ്പായിരിക്കും ഒരു നടപടിയും സ്വീകരിക്കില്ലെന്നും ഗവർണർ പറഞ്ഞു.

Continue Reading