KERALA
ലോറിയില്‍നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണു; രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയ്‌ലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേർ മരിച്ചു.വഴിയാത്രക്കാരായ അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ട്രെയ്‌ലര്‍ ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ മുഴുവനായി റോഡിലേക്ക് വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിറകില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. ഇരുവരും തത്ക്ഷണം മരിച്ചു.
അപകടമുണ്ടായ ഉടന്‍ തന്നെ ലോറിയുടെ ഡ്രൈവര്‍ ഇറങ്ങിയോടി. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.