KERALA
വി.സി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവര്‍ണറുടെ തുറന്നുപറച്ചില്‍ പ്രതിപക്ഷ ആക്ഷേപം ശരിവെക്കുന്നതാണെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ഗവര്‍ണറുടെ തുറന്നുപറച്ചില്‍ പ്രതിപക്ഷ ആക്ഷേപം ശരിവെക്കുന്നതാണെന്ന് വി.ഡി. സതീശന്‍.കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ നിയമവിരുദ്ധമായും ക്രമവിരുദ്ധമായും വിദ്യാഭ്യാസമന്ത്രിയും സര്‍ക്കാരും ഇടപെടുകയും അവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗവര്‍ണര്‍ നിയമവിരുദ്ധമായി വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം കൊടുക്കുകയും ചെയ്തതായി പ്രതിപക്ഷം നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഗവര്‍ണറും ഇക്കാര്യം സ്ഥിരീകരിച്ചു. കേരള ചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ചെയ്തിട്ടുണ്ടാവില്ല.
നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍എസ്എസിനെ പിന്തുണയ്ക്കുന്ന ഗവര്‍ണറുമായി സന്ധിയുണ്ടാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ഗവര്‍ണര്‍ സര്‍ക്കാരിനെ ഉപദ്രവിക്കുന്നുവെന്നാണ്. മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെറ്റ് ചെയ്തതെന്ന് ഗവര്‍ണര്‍ ഏറ്റുപറഞ്ഞിരിക്കുന്നു. ഏറ്റുപറഞ്ഞതുകൊണ്ട് തെറ്റ് തെറ്റല്ലാതാവില്ല. ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ലോകായുക്ത ബില്ലും സര്‍വകലാശാലാ ബില്ലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞതിനെ പ്രതിപക്ഷവും സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷം ഇത് നേരത്തെ ആവശ്യപ്പെട്ടതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.