Crime
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യും

ന്യൂഡൽഹി:പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി. പോപ്പുലര്‍ ഫ്രണ്ട് ആരോപണ വിധേയരായ കേസുകളില്‍ ശക്തമായ നടപടിക്കും നിര്‍ദേശം നല്‍കി. ഒളിവില്‍ ഉള്ളവരോ പിടികിട്ടാന്‍ ഉള്ളവരോ ആയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വിശദമായ വിവരങ്ങളും സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം തേടി.ഇങ്ങനെ ഉള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലര്‍ ഫ്രണ്ട് അറിയപ്പെടുക.
ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോള്‍ ആദ്യം അഞ്ച് വര്‍ഷവും പിന്നീട് അത് ട്രിബ്യൂണലില്‍ പുനപരിശോധിക്കണം എന്നുമാണ് നിയമം. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിന്റെ താത്പര്യങ്ങള്‍ ഹനിക്കാനാണ്. അല്‍ ഖെയ്ദ അടക്കമുള്ള സംഘടനകളില്‍ നിന്ന് സഹായം സ്വീകരിച്ചു എന്ന് വ്യത്യസ്ത ഏജന്‍സികള്‍ അറിയിച്ചിരുന്നു.