Connect with us

Crime

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ കേരളത്തില്‍ നടന്ന കൊലപാതകങ്ങളും

Published

on

തിരുവനന്തപുരം: കേരളത്തില്‍ നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ചേര്‍ത്തല വയലാറിലെ നന്ദുവിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചും ബിപിന്‍ വധത്തെക്കുറിച്ചും നിരോധന ഉത്തരവില്‍ പരാമര്‍ശമുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കേരളത്തിലെ കൊലപാതക കേസുകള്‍ അടക്കം ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. ഐഎസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഭീകരവാദ സംഘടനകളുമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളും എടുത്തുപറഞ്ഞ് വിശദമായ നിരോധന ഉത്തരവാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളേയും ഭരണഘടനാ സ്ഥാപനങ്ങളേയും അവഹേളിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടക്കം അടച്ചുപൂട്ടുന്ന നടപടികളിലേക്ക് പോലീസും കേന്ദ്ര ഏജന്‍സികളും കടക്കും. നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നീ സംഘടനകളേയാണ് കേന്ദ്രം നിരോധിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ ഒഴികെ ഇതുമായി ബന്ധമുള്ള എല്ലാ സംഘടനകളേയും നിരോധിച്ചിട്ടുണ്ട്. ഇതോടെ ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.

Continue Reading