Connect with us

KERALA

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Published

on

തിരുവനന്തപുരം: സി.പി.എമ്മിന്റെ ജനകീയമുഖമായി ഉയർന്ന മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്ന് രാത്രി 8.10 ഓടെയായിരുന്നു അന്ത്യം. വിദഗ്ദ്ധചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ വിനോദിനിയും മക്കളായ ബിനോയ്, ബിനീഷ് എന്നിവരും അടുത്തുണ്ടായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് സംസ്ഥാനസെക്രട്ടറി പദം കോടിയേരി ഒഴിഞ്ഞ് പകരം എം.വി. ഗോവിന്ദനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ കഴിഞ്ഞ മാർച്ചിൽ ചേർന്ന സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി തുടർച്ചയായ മൂന്നാം തവണയും സി.പി.എം സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടയ്ക്ക് ആരോഗ്യകാരണങ്ങളാൽ ഒരു വർഷത്തോളം സെക്രട്ടറിസ്ഥാനത്ത് നിന്ന് കോടിയേരി അവധിയെടുത്തിരുന്നുവെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ല. അന്ന് കേന്ദ്രകമ്മിറ്റിയംഗവും ഇപ്പോൾ പോളിറ്റ്ബ്യൂറോ അംഗവുമായ എ. വിജയരാഘവനാണ് അന്ന് താൽക്കാലിക ചുമതല നൽകിയത്.കണ്ണൂരിലെ കല്ലറ തലായി എൽ.പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ പരേതനായ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണന്റെ ജനനം. നാല് സഹോദരിമാരുടെ പ്രിയപ്പെട്ട അനുജനായാണ് ഏറ്റവും ഇളയവനായ ബാലകൃഷ്ണൻ വളർന്നത്. ആറ് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ഒണിയൻ പബ്ലിക് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കെ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥിരാഷ്ട്രീയത്തിലെത്തി. ആർ.എസ്.എസുമായുള്ള സംഘർഷം കാരണം പത്താം ക്ലാസിന് ശേഷം വീട്ടുകാർ പഠിക്കാനയക്കാതെ ചെന്നൈയിലേക്കയച്ചു. അവിടെ രണ്ട് മാസം ചിട്ടിക്കമ്പനിയിൽ ജോലി ചെയ്ത് തിരിച്ചെത്തിയ ശേഷം മാഹി എം.ജി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു.മാഹി കോളേജിൽ കെ.എസ്.എഫ് രൂപീകരിച്ച് വിദ്യാർത്ഥിരാഷ്ട്രീയം തുടർന്ന കോടിയേരി പിന്നീട് കോളേജിലെ കെ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ ചെയർമാനുമായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം നേടി. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം അറസ്റ്റിലായി 16 മാസം ജയിലിൽ കിടന്നു. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട ശേഷമാണ് ജയിൽമോചിതനായത്. ഈ കാരാഗൃഹവാസമാണ് പിണറായിയെയും കോടിയേരിയെയും പ്രിയപ്പെട്ട സുഹൃത്തുക്കളാക്കിയത്. എസ്.എഫ്.ഐ പ്രവർത്തനത്തിനൊപ്പം ട്രേഡ് യൂണിയൻ രംഗത്തും ചുവടുറപ്പിച്ച കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിന്റെ കണ്ണൂർ ഈങ്ങയിൽ പീടിക ബ്രാഞ്ച് അംഗമായി.18ാം വയസ്സിൽ ലോക്കൽസെക്രട്ടറിയും 36ാം വയസ്സിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായി. ഇത്രയും കുറ‌ഞ്ഞ പ്രായത്തിൽ മറ്റൊരു ജില്ലാ സെക്രട്ടറി കണ്ണൂരിൽ മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. 54ാം വയസ്സിലാണ് പോളിറ്റ്ബ്യൂറോയിലെത്തിയത്. 1982, 87, 2001, 2006, 2011 വർഷങ്ങളിലായി കാൽനൂറ്റാണ്ടോളം നിയമസഭയിൽ തലശ്ശേരിയെ പ്രതിനിധീകരിച്ചു. 2006ലും 11ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ വി.എസ് മന്ത്രിസഭയിൽ സുപ്രധാനമായ ആഭ്യന്തരം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി മികച്ച പ്രവർത്തനം നടത്തി.2015ൽ സി.പി.എമ്മിന്റെ ആലപ്പുഴ സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിൻഗാമിയായി സംസ്ഥാനസെക്രട്ടറിയാവുന്നത്. 2018ൽ വീണ്ടും തൃശൂർ സമ്മേളനത്തിൽ വച്ച് സെക്രട്ടറിയായി. 2020 നവംബറിൽ ആരോഗ്യകാരണങ്ങളാൽ താൽക്കാലികമായി ഒഴിവായി ഒരു വർഷത്തിന് ശേഷം തിരിച്ചെത്തി. ഭാര്യ തലശ്ശേരി മുൻ എം.എൽ.എ പരേതനായ എം.വി. രാജഗോപാലന്റെ മകൾ എസ്.ആർ. വിനോദിനി. മക്കൾ ബിനോയ്, ബിനീഷ്.

Continue Reading