Connect with us

KERALA

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തിക്കും; സംസ്‌കാരം നാളെ പയ്യാമ്പലത്ത്

Published

on

കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ ഇന്ന് കണ്ണൂരിലെത്തിക്കും. 12-30 ന് മൃതദേഹം മട്ടന്നൂരിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. വിലാപ യാത്രയായാണ് മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകുന്നത്. ഉച്ച മുതല്‍ തലശേരി ടൗൺഹാളിൽ പൊതുദര്‍ശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്തു വെച്ചാണ് സംസ്‌കാരം നടത്തുന്നത്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.
പതിനാറാംവയസിലാണ് കോടിയേരി പാര്‍ട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരനായി. ജയിലില്‍ പിണറായി വിജയനും എം.പി.വീരേന്ദ്രകുമാറും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍. പൊലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ നിയുക്തനായത് കൂട്ടത്തില്‍ ഇളയവനായ ബാലകൃഷ്ണനായിരുന്നു.

Continue Reading