Crime
മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെന്‍ഷൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിപിഒ ഷിഹാബ് വി പിയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്. പൊലീസുകാരന്റെ നടപടി സേനയ്ക്ക് തന്നെ അപമാനകരമാണെന്നും, ഒരിക്കലും ഒരു പൊലീസുകാരനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷിഹാബിനു വേണ്ടി കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കുടുങ്ങിയത്. വണ്ടി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടുക്കി എ ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് ഇത് മോഷ്ടിച്ചതെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.
വഴിയിരകിൽ പ്രവര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പൊലീസുകാരൻ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് 6000 രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. എന്നാൽ കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല. പൊലീസ് യൂണിഫോമിൽ എത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്നതാണ് കൗതുകം. ഇയാൾക്കെതിരെ നേരത്തേയും സമാനമായ രീതിയിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പല കേസുകളിലും പ്രതിയാണെന്നുമാണ് സൂചന.