Education
പാലക്കാട് വിദ്യാർത്ഥികൾ വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസ്റ്റിന് പിന്നിലിടിച്ച് മറിഞ്ഞ് ഒന്‍പത് മരണം

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന് പിറകിൽ ഇടിച്ചുമറിഞ്ഞ് ഒൻപതുപേർ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു.
മരിച്ചവരിൽ അഞ്ച് വിദ്യാർത്ഥികളാണ്. ഊട്ടിയിലേക്ക് വിനോദ യാത്രക്ക് പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് കെ. സ്ആർ.ടി.സി ജീവനക്കാരും ഒരു അധ്യാപകനുമാണ് മരിച്ചത്. കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ അനൂപാണ് (22) പാലക്കാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. വസ്ത്രത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽനിന്നാണ് പേരുവിവരം കിട്ടിയത്. ഇയാൾ സൂപ്പർഫാസ്റ്റിലെ യാത്രക്കാരനാണ്.
അധ്യാപകനായ വിഷ്ണുവും മൂന്നുപേരുമാണ് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത് രാജും (24) അപകടത്തിൽ മരിച്ചു. ജില്ലാ ആശുപത്രിയിൽ മരിച്ച മറ്റു മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്.