Crime
ഡ്രൈവര്‍ ജോജോ പത്രോസിനെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോജോ പത്രോസിനെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ജോമോനെതിരേ ആദ്യം കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജോമോന്റെ അറസ്റ്റ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്.
ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍. അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും ഇരുവാഹനങ്ങള്‍ക്കും ഇടയിലൂടെ കടന്നുപോയ കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി കൂട്ടിച്ചേർത്തു.
ജോമോന്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് മാത്രമാണ് ഇയാളുടെ രക്ത സാംപിള്‍ ശേഖരിച്ചത്. അതിനാല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.