Crime
കൊച്ചിയിൽനിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ മൂന്ന് പ്രതികൾ പിടിയിൽ

കൊച്ചി :കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഏജന്റായ ഒരു പ്രതിയും ദമ്പതിമാരുംപിടിയിൽ. സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു. എസ്ആർഎം റോഡിൽ താമസിക്കുന്ന ഷാഫിയാണു പിടിയിലായത്. ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടാണു പ്രതി ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് പറഞ്ഞു.
സ്ത്രീകളെ വശീകരിച്ചു ദുർമന്ത്രവാദത്തിനായി പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മം (52) ആണു കൊല്ലപ്പെട്ടവരിൽ ഒരാൾ. ലോട്ടറി വിൽപക്കാരിയായിരുന്ന ഇവർ ഇതര സംസ്ഥാനക്കാരിയാണെന്നും സെപ്റ്റംബർ 26ന് കാണാതായെന്നും നാട്ടുകാർ പറയുന്നു. കാലടി സ്വദേശിനി റോസിലി (50) ആണു കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ. ഇവരും ലോട്ടറിക്കച്ചവടം ചെയ്തിരുന്നു.
മൃതദേഹം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ട നിലയിലാണ്. യുവതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് അറിയുന്നത്. ഇവരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. മുഖ്യപ്രതിയെ പിടികൂടിയെങ്കിലും കൂടുതൽ പേർ സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്. ഇലന്തൂർ സ്വദേശികളായ ഭഗവന്ത് സിംഗും ഭാര്യ ലൈലക്കും വേണ്ടിയാണ് നരബലി നടത്തിയത്. ഇവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്ന് പിടിയിലായ പ്രതി വെളിപ്പെടുത്തി. ഷിഹാബെന്ന റഷീദാണ് സ്ത്രീകളെ കടത്തി കൊണ്ട് പോയത്. ജൂൺ, സെപ്തംബർ മാസത്തിലാണ് സ്ത്രീകളെ കടത്തികൊണ്ട് പോയത്. ഭഗവന്ത് തിരുമ്മൽ ചികിത്സകനാണ്.