NATIONAL
നവംബർ 12 ന് ഹിമാചലിൽ വോട്ടെടുപ്പ്.ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചില്ല

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നവംബർ 12നാകും ഹിമാചലിൽ വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തിരഞ്ഞെടുപ്പ്. സുരക്ഷിതമായ തിരഞ്ഞെടുപ്പിനായി മാർഗനിർദേശങ്ങൾ പുതുക്കി. വോട്ടിംഗ് ശതമാനം ഉയർത്താൻ നടപടിയുണ്ടാകും.
അതേസമയം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചില്ല. ഹിമാചൽ തിരഞ്ഞെടുപ്പിന് ഒക്‌ടോബർ 25 മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്‌മ പരിശോധന 27നാണ്. ഈ മാസം 29ന് മുൻപ് പത്രിക പിൻവലിക്കാം. ഇനിമുതൽ വർഷത്തിൽ നാലുതവണ വോട്ടർ പട്ടിക പുതുക്കാനുളള നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷൻ അറിയിച്ചു. മാതൃകാ പെരുമാറ്റ ചട്ടം നിലനിൽക്കുന്ന ദിവസങ്ങൾ ഇത്തവണ കുറച്ചിട്ടുണ്ട്. 70 ദിവസങ്ങളിൽ നിന്നും 57 ദിവസമായാണ് ഇത്തവണ കുറച്ചത്.ഹിമാചലിൽ ആകെ 68 സീറ്റുകളാണുളളത്. 44 സീറ്റുകളിൽ ബിജെപിയും 21 സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ സിപിഎം എന്നിങ്ങനെയാണ് നിലവിലെ പ്രധാന കക്ഷിനില. കോൺഗ്രസിനും ബിജെപിയ്‌ക്കും മാറിമാറി ഭരണം നൽകിയ ചരിത്രമാണ് ഹിമാചലിലുളളത്. ആകെ 55,07,261 വോട്ടർമാരാണ് ഹിമാചലിലുളളത്.