Crime
നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ജൂവലറിയില്‍നിന്ന് അഞ്ചുകിലോ സ്വര്‍ണം ഇ.ഡി കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ജൂവലറിയില്‍നിന്ന് അഞ്ചുകിലോ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മലപ്പുറം സ്വദേശി അബൂബക്കര്‍ പഴയിടത്തിന്റെ ജൂവലറിയില്‍നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടുകെട്ടിയത്. കൂടെ മൂന്നുലക്ഷം രൂപയും ഇ.ഡി. പിടിച്ചെടുത്തു.
അബൂബക്കറുമായി ബന്ധപ്പെട്ട മലപ്പുറത്തെ നാല് കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി. ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്വപ്‌ന സുരേഷ്, പി.എസ്.സരിത്ത് എന്നിവര്‍ ഉള്‍പ്പെട്ട നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ് അബൂബക്കർ . നയതന്ത്ര സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരില്‍ പ്രധാനിയുമായിരുന്നു അബൂബക്കർ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്ത് നടത്തിയതായി അബൂബക്കറും സമ്മതിച്ചിട്ടുണ്ട്. ഈ കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇ.ഡി. പരിശോധന നടത്തിയത്.പിടിച്ചെടുത്തത് കടത്തുസ്വര്‍ണമല്ലെന്നും എന്നാല്‍ കള്ളക്കടത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണമാണെന്നും ഇ.ഡി. അധികൃതര്‍ പറഞ്ഞു.