Connect with us

KERALA

ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദന്‍.

Published

on

തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്.
‘മുസ്ലിം ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നാണ് കണ്ടിട്ടുള്ളതെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. പാര്‍ട്ടി രേഖകളിലൊക്കെ അങ്ങിനെയാണ് വിശദീകരിച്ചിട്ടുള്ളത്. അല്ലാതെ അത് വര്‍ഗീയപാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത് എസ്ഡിപിഐ പോലുള്ള സംഘടനകളാണ്. അവരോട് കൂട്ടുകൂടുന്ന നില വന്നപ്പോള്‍ ഞങ്ങള്‍ ശക്തിയായി ലീഗിനെയും വിമര്‍ശിച്ചിട്ടുണ്ട്,’ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മുസ്ലിം ലീഗിനോട് മൃദുസമീപനമാണ് കുറേ നാളായി സിപിഎം തുടരുന്നത്. ചാന്‍സലര്‍ വിഷയത്തിലടക്കം നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ ലീഗെടുത്ത നിലപാടിലേക്ക് കോണ്‍ഗ്രസിന് വരേണ്ടി വന്ന സാഹചര്യം മുന്‍നിര്‍ത്തി സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍. ഈ ഘട്ടത്തിലാണ് മുസ്ലിം ലീഗിനെ കുറിച്ച് ചോദ്യം ഉയര്‍ന്നത്. നേരത്തെ ഇഎംഎസിന്റെ കാലത്ത് മുസ്ലിം ലീഗിനെ ശക്തമായി എതിര്‍ത്ത സാഹചര്യം ഉണ്ടായിരുന്നു. ലീഗുമായി ചേര്‍ന്ന് സംസ്ഥാനം ഭരിച്ച സാഹചര്യവുമുണ്ടായിരുന്നു. കോണ്‍ഗ്രസും ലീഗും തമ്മില്‍ സമീപകാലത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലീഗിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്കു തിരിച്ചുവരുമെന്നു സൂചനകള്‍ നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി. പാര്‍ട്ടി നിലപാടെടുക്കുന്നതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്കു തിരിച്ചു വരുന്നതു സംബന്ധിച്ചു തീരുമാനം ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
നിലവില്‍ സജി ചെറിയാനു കോടതിയില്‍ കേസില്ല. വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നിലപാട് എടുത്തതു കൊണ്ടാണ് അദ്ദേഹം രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്കു തിരിച്ചു കൊണ്ടുവരുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി പുതിയ നിലപാട് എടുക്കുന്നതോടെ തീരുമാനം ഉണ്ടാകും. സജി ചെറിയാനെതിരെ കേസ് ഉള്ളതു കൊണ്ടുമാത്രമല്ല ധാര്‍മികതയും പരിഗണിച്ചാണ് പാര്‍ട്ടി നിലപാട് എടുത്തത്. കോടതി വിധി ഇല്ലായിരുന്നിട്ടും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തുനിന്ന് മാറി. അദ്ദേഹത്തിന്റെ കാര്യത്തില്‍ ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും എം.വി.ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Continue Reading