Education
മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥി കയറിയിരുന്നെന്ന പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്.

കോഴിക്കോട്∙ : കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസിൽ പ്ലസ്ടു വിദ്യാർഥി കയറിയിരുന്നെന്ന പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. വിദ്യാർഥി ആൾമാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. നാലു ദിവസം ക്ലാസിൽ കയറിയത് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് തെളിഞ്ഞതായും അന്വേഷണം അവസാനിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
നീറ്റ് പരീക്ഷ എഴുതിയതിനു ശേഷം വിദ്യാർഥി ഗോവയിലേക്ക് വിനോദയാത്ര പോയി. അവിടെവച്ചാണ് നീറ്റ് പരീക്ഷാഫലം പരിശോധിച്ചത്. ഫലം പരിശോധിച്ചപ്പോൾ ഉയർന്ന റാങ്കുണ്ടെന്നു കരുതുകയും അത് വീട്ടുകാരെയും മറ്റും വിളിച്ചറിയിക്കുകയും ചെയ്തു. വിദ്യാർഥിയെ അനുമോദിച്ച് ഫ്ലക്സ് ബോർഡുകൾ ഉൾപ്പെടെ നാട്ടിൽ ഉയർന്നു. എന്നാൽ പിന്നീടാണ് ഫലം പരിശോധിച്ചതിൽ പിഴവുണ്ടായെന്നു വിദ്യാർഥിനിക്ക് മനസ്സിലായത്.
ഇതോടെ പ്രവേശനം ലഭിക്കില്ലെന്ന് മനസ്സിലായി. മാനഹാനി ഭയന്നാണ് ഇത്തരത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസിൽ കയറി ഇരുന്നതെന്നും നാലു ദിവസത്തോളം ക്ലാസിൽ ഇരിക്കുകയും അവിടെനിന്നുള്ള ഫൊട്ടോ എടുത്ത് വീട്ടുകാർക്കും കൂട്ടുകാർക്കും മറ്റും അയയ്ക്കുകയും ചെയ്തുവെന്നാണ് വിദ്യാർഥിനി പൊലീസിനു മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നാട്ടിലെത്തി അന്വേഷണം നടത്തി. ഇതോടെ വിദ്യാർഥി പറഞ്ഞത് ശരിയാണെന്ന് പൊലീസിന് ബോധ്യമായതിനെ തുടർന്നാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്. വിദ്യാർഥിനി ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.