Connect with us

KERALA

ലീഗ് നിലപാടിൽ അയഞ്ഞ് സി.പി.എം.ലീഗ് സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുമ്പോൾ അത് മുന്നണി പ്രവേശനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നു എം.വി ഗോവിന്ദൻ

Published

on

ലീഗ് നിലപാടിൽ അയഞ്ഞ് സി.പി.എം.ലീഗ് സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുമ്പോൾ അത് മുന്നണി പ്രവേശനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നു എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുസ്ലിം ലീഗിനോടുള്ള നിലപാടിൽ അയവു വരുത്തി സി.പി.എം. സംഘപരിവാറിനെതിരായ നിലപാട് എന്നും സ്വാഗതം ചെയ്യുമെന്നും വിഷയാധിഷ്ഠിത നിലപാടുകളെ സ്വാഗതം ചെയ്യുന്നത് മുന്നണിപ്രവേശനമായി കാണേണ്ടതില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. ഗവർണറുടെ നിലപാടിനെതിരെ ലീഗും ആർ.എസ്.പിയും രംഗത്തുവന്നത് യു.ഡി.എഫിൽ പ്രതിസന്ധിയുണ്ടാക്കിയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു

സംഘപരിവാറിനെതിരേ സി.പി.എം. സ്വീകരിക്കുന്ന നിലപാടിന് വൻതോതിൽ ജനകീയ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് യു.ഡി.എഫ്. ഘടകകക്ഷികൾ പിന്തുണച്ചത്. ഗവർണറുടെ വിഷയത്തിലും വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടും ലീഗ് സ്വീകരിച്ച നിലപാടിനെ അഭിനന്ദിക്കുന്ന  ഗോവിന്ദൻ, ഇത് മുന്നണി പ്രവേശനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

‘കേരളത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികൾ എൽ.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ അജൻഡകൾക്കെതിരെ എൽ.ഡി.എഫ്. സ്വീകരിക്കുന്ന സമീപനം ന്യൂനപക്ഷ ജനവിഭാഗങ്ങളിലും അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വികസനത്തിനും മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും സ്വീകരിച്ച നിലപാട് വലിയ ജനപിന്തുണ ആർജിച്ചു, ലേഖനത്തില്‍ പറയുന്നു.
എൽ.ഡി.എഫിന്റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യു.ഡി.എഫിലും പുതിയ പ്രശ്നങ്ങൾ രൂപപ്പെടുത്തി. വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവർണറുടെ സമീപനത്തിനെതിരെയും മുസ്ലിംലീഗ് പരസ്യമായി രംഗത്തുവന്നു. ആർ.എസ്‌.പിയും ഗവർണറുടെ പ്രശ്നത്തിൽ സർക്കാർ നിലപാടിനൊപ്പം നിന്നു. ഇത് യു.ഡി.എഫിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയിൽ ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിനെ യു.ഡി.എഫിനും പിന്തുണയ്‌ക്കേണ്ട സ്ഥിതിവിശേഷമുണ്ടായെന്നും ലേഖനത്തിൽ പറയുന്നു.

കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി.ഐ.എം. എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും മുസ്ലിംലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത് മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രശ്നവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യു.ഡി.എഫിലെ ഘടകകക്ഷികൾപോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.


Continue Reading