NATIONAL
വൃന്ദ കാരാട്ടിനോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ട് സമരക്കാര്‍. ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തെ രാഷ്ട്രീയമാക്കരുതെന്ന് അഭ്യർത്ഥന

വൃന്ദ കാരാട്ടിനോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ട് സമരക്കാര്‍. ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തെ രാഷ്ട്രീയമാക്കരുതെന്ന് അഭ്യർത്ഥന
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 200ഓളം ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനിടെ എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാന്‍ ആവശ്യപ്പെട്ട് സമരക്കാര്‍. ”ദയവായി ഇറങ്ങിപ്പോകൂ മാഡം. ഇതിനെ രാഷ്ട്രീയമാക്കരുതെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇത് കായികതാരങ്ങളുടെ പ്രതിഷേധമാണ്”– ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്‌രംഗ് പുനിയ പറഞ്ഞു. പ്രതിഷേധത്തിന്റെ രണ്ടാം ദിവസത്തിന്റെ ഭാഗമായാണ് വൃന്ദ കാരാട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ സമരവേദിയിലെത്തിയത്.
”ലൈംഗികാതിക്രമത്തിനും സ്ത്രീകളെ അപമാനിക്കുന്നതിനും എതിരായ പോരാട്ടത്തിലാണ്. അതിനാല്‍, സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്” എന്നു പിന്നീട് വൃന്ദ കാരാട്ട് പ്രതികരിച്ചു. ”ഗുസ്തി താരങ്ങള്‍ ഇവിടെ വന്ന് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഏതു പാര്‍ട്ടിയുടെ സര്‍ക്കാരായാലും സ്ത്രീകളുടെ പരാതിയില്‍ നടപടി ഉറപ്പാക്കണം. അന്വേഷണം അവസാനിക്കുന്നതുവരെ കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിര്‍ത്തണം”– അവര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നെത്തിയ ബിജെപി നേതാവും ഒളിംപ്യനുമായ ബബിത ഫോഗട്ട് സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ”ഞാനും ഗുസ്തി താരമായിരുന്നു. ബിജെപി സര്‍ക്കാര്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് ഉറപ്പാക്കും. ഞാനൊരു ഗുസ്തി താരവും സര്‍ക്കാരിന്റെ പ്രതിനിധിയുമായതിനാല്‍ മധ്യസ്ഥത വഹിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇത്തരം സംഭവങ്ങള്‍ എന്റെ കരിയറിനിടയിലും കേട്ടിട്ടുണ്ട്” – ബബിത ഫോഗട്ട് പറഞ്ഞു.
ആരോപണങ്ങള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ ദേശീയ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യുഎഫ്‌ഐ) കായിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെ നിരവധി ഗുസ്തി താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്