Connect with us

Business

തിരിച്ചടിയിൽ നിന്ന് കരകയറാനാവാതെ അദാനി ഗ്രൂപ്പ്. കമ്പനികളുടെ ഓഹരികളും കൂപ്പ് കുത്തി

Published

on

മുംബൈ: യു എസ് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെ തുടർന്നുണ്ടായ തിരിച്ചടിയിൽ നിന്ന് കരകയറാനാവാതെ അദാനി ഗ്രൂപ്പ്. ഇതിന്റെ അലയൊലികൾ ഇന്ത്യൻ ഓഹരി വിപണിക്കുണ്ടാക്കിയ പ്രത്യാഘാതവും ചെറുതല്ല. ഇന്ന് ഓഹരി വിപണി തുടങ്ങിയതുതന്നെ നഷ്ടത്തോടെയാണ്. സെൻസെക്സ് 338 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 50,65 പോയിന്റാണ് രേഖപ്പെടുത്തിയത്. അദാനിയുടെ ലിസ്റ്റുചെയ്ത കമ്പനികളുടെ ഓഹരികളും കൂപ്പ് കുത്തി. അവയുടെ ഓഹരികളിൽ ഇരുപത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തുവന്ന ദിവസം അദാനിയുടെ കമ്പനികളുടെ ഓഹരികൾക്ക് 85,000 കോടി രൂപയുടെ മൂല്യമാണ് നഷ്ടപ്പെട്ടത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് തെറ്റാണെന്ന് വാദിച്ചെങ്കിലും വീഴ്ചയെ തടയാൻ കഴിഞ്ഞില്ല.ഓഹരി വിപണിയിൽ തുടർച്ചയായി ഉണ്ടാകുന്ന തിരിച്ചടി അദാനി ഗ്രൂപ്പിന്റെ തകർച്ചയ്ക്ക് ഇടയാക്കിയേക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.

അതിനിടെ അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി സമാഹരണം ഇന്ന് തുടങ്ങും. രാജ്യത്തെ ‌ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിതെന്നാണ് റിപ്പോർട്ട്. കടം തിരിച്ചടവിനും മറ്റു ചെലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം. ലക്ഷ്യം നേടാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുകയാണ് ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന റിപ്പോർട്ടിന്റെ എല്ലാ രേഖകളും കൈവശമുണ്ട്. അദാനിയുടെ നിയമനടപടി നേരിടാൻ തയ്യാറാണ്. റിപ്പോർട്ടിന്റെ അവസാനം 88 ചോദ്യങ്ങൾ ചോദിച്ചിരുന്നു,​ എന്നാൽ 36 മണിക്കൂറായിട്ടും ഒരു ചോദ്യത്തിനും അദാനി ഗ്രൂപ്പിന് മറുപടിയില്ലെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി.കഴിഞ്ഞദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഹിൻഡൻബർഗിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയത്. ഓഹരിവിപണിയിൽ 20000 കോടി രൂപ സമാഹരിക്കാനായി ഇന്നുമുതൽ ആരംഭിക്കുന്ന ഓഹരി സമാഹരണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദാനിഗ്രൂപ്പ് വാർത്താക്കുറിപ്പിൽ ആരോപിച്ചിരുന്നു.

Continue Reading