NATIONAL
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ മനസ്സിലാകില്ല.

ന്യൂഡല്‍ഹി: പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോള്‍ പ്രശ്‌നമായി. യാത്രയില്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരില്‍ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്‌നേഹവും പിന്തുണയുമായി ഭാരത് ജോഡോ യാത്ര പൂര്‍ത്തീകരിക്കാന്‍ തുണയായതെന്നും രാഹുല്‍ പറഞ്ഞു. ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ശ്രീനഗറിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് ജോഡോയാത്രയുടെ സമാപന ചടങ്ങ്.
ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് പദയാത്ര നടത്തുക എന്നത് ഒരു പ്രശ്‌നമായി ഒരിക്കലും തോന്നിയിരുന്നില്ല. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് യാത്രയുടെ ആദ്യഘട്ടത്തില്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. അതോടെ എന്റെ മനസ്സിലെ അഹങ്കാരം ഇല്ലാതെയായി. ഈ യാത്ര പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നാണ് കരുതിയത്. എന്നാല്‍ അനേകായിരം പേര്‍ ഒപ്പം ചേര്‍ന്നത് വലിയ ഉത്തേജനമായി മാറി. യാത്രക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകള്‍ കരഞ്ഞു കൊണ്ട് തങ്ങള്‍ നേരിട്ട പീഡനാനുഭവങ്ങള്‍ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. യാത്രയില്‍ സുരക്ഷ പ്രശ്‌നം ഉണ്ടാകുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാല്‍ മഹാത്മാഗാന്ധിയും തന്റെ കുടുംബവുമെല്ലാം പഠിപ്പിച്ചു തന്നത് എന്നും പോരാടാനാണ്. രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ഒരാള്‍ക്കും തണുക്കുകയോ വിയര്‍ക്കുകയോ നനയുകയോ ഇല്ല.
ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താന്‍ ആകില്ല. കാരണം അവര്‍ക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അത് മനസ്സിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. എന്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കുക….. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങള്‍ രക്ഷിക്കാനാണ് പോരാടുന്നത്. താന്‍ പോരാടുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയല്ല രാജ്യത്തിനായാണ് .ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണ്. ഇന്ത്യയിലെ മതങ്ങളും ആത്മീയാചര്യന്‍മാരും പറയുന്നത് സ്‌നേഹത്തിന്റെ സന്ദേശമാണ്- രാഹുല്‍ പറഞ്ഞു.