International
ഭൂചലനത്തിൽ മരണസംഖ്യ 4500 കടന്നു.മരണം 20000 ത്തോളമായി വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന

തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 4500 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000 ൽ ഏറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അയൽ രാജ്യമായ സിറിയയിൽ 1400 പേരാണ് മരണമടഞ്ഞത്. മരണസംഖ്യ 20000 ത്തോളമായി വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു.
പ്രതികൂലമായ കാലവസ്ഥ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. നൂറുകണക്കിനു പേരാണ് ഇപ്പോഴും കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.മരണനിരക്ക് ഇനിയും ഉയരുമെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനങ്ങൾക്കിടയിലും ചില സ്ഥലങ്ങളിൽ കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയടക്കം 45 രാജ്യങ്ങൾ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ദുരന്ത നിവാരണത്തിനായി 2 എൻഡിആർഎഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യക്കു പുറമേ ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇസ്രയേൽ, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുംസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് ഇരുരാജ്യങ്ങളിലും ഉണ്ടായതെന്നാണ് വിലയിരുത്തൽ. നിലവിൽ ഇവിടെ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ 3 ഭൂചലനങ്ങളാണ് കനത്തനാശം വിതച്ചത്.