Connect with us

KERALA

ബ്രഹ്മപുരത്തെ തീ പൂര്‍ണ്ണമായും അണച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്.തീ പൂര്‍ണ്ണമായി അണച്ചിട്ടില്ലെന്ന് ടി.ജെ. വിനോദ് എം.എല്‍.എ

Published

on

തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീ ഞായറാഴ്ച വൈകുന്നേരത്തോടെ
പൂര്‍ണ്ണമായും അണച്ചെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

അഗ്നിബാധ റിപ്പോര്‍ട്ട് ചെയതപ്പോള്‍ തന്നെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സര്‍ക്കാര്‍ നടപടികളെടുത്തു. ഞായറാഴ്ച പ്ലാന്റില്‍ സമഗ്ര ഡ്രോണ്‍ സര്‍വേ നടത്തി. വരുന്ന മണിക്കൂറുകളില്‍ പുകയോ അതുവഴി വീണ്ടും തീപ്പിടിത്തമോ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഗ്നിശമനസേന നടത്തുന്നുണ്ട്‌. വായുനിലവാരം ഗണ്യമായ നിലയില്‍ മെച്ചപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പ് ഒമ്പത് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. തിങ്കളാഴ്ച മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്‌. 851 പേര്‍ ഞായറാഴ്ച വൈകീട്ട് വരെ ചികിത്സ തേടി. ആരോഗ്യവകുപ്പ് ഫീല്‍ഡ് സര്‍വേ ചൊവ്വാഴ്ച ആരംഭിക്കും. മൊബൈല്‍ ക്ലിനിക്കുകള്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാക്കും. ആശങ്കകള്‍ക്കുള്ള സാഹചര്യമില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്രമേയാവതരണത്തിനുള്ള നോട്ടീസ് നല്‍കിയ ടി.ജെ. വിനോദ് എം.എല്‍.എ, മന്ത്രിയുടെ വാദത്തെ തള്ളി. തീ പൂര്‍ണ്ണമായി അണച്ചിട്ടില്ലെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് അദ്ദേഹം പറഞ്ഞു. താനിത് ആധികാരികമായാണ് സഭയെ അറിയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നഗരം ഇന്നും പുകയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading