Connect with us

NATIONAL

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ പുനസ്ഥാപിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു.

Published

on

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധിയും സർക്കാർ മാറ്റവും സംബന്ധിച്ച കേസിൽ സുപ്രീം കോടതി വിധി പറഞ്ഞപ്പോൾ, ഷിൻഡെ വിഭാഗത്തിന് ആശ്വാസം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ പുനസ്ഥാപിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. എന്നാൽ, ഉദ്ധവിനു പകരം ഏക‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായ സാഹചര്യത്തെക്കുറിച്ച് കോടതി നടത്തിയ പരാമർശങ്ങൾ ഗവർണർക്കും നിയമസഭാ സ്പീക്കർക്കും കനത്ത തിരിച്ചടിയുമായി.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെയും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും പിന്തുണയ്ക്കുന്നവർ നൽകിയ ഒരുകൂട്ടം ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് സംസ്ഥാനത്ത് കഴിഞ്ഞ വർഷമുണ്ടായ അധികാര മാറ്റം സംബന്ധിച്ച് നിർണായകമാണ് ഈ വിധി. ഭാവിയിൽ സമാന സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച വ്യക്തതയും വിധിയിലുണ്ട്.

വിശ്വാസ വോട്ട് നേരിടാതെ രാജിവച്ച സാഹചര്യത്തിൽ ഉദ്ധവ് താക്കറെ മന്ത്രിസഭയെ പുനസ്ഥാപിക്കാൻ സാധിക്കില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.

ഉദ്ധവ് രാജിവച്ച സാഹചര്യത്തിൽ ഷിൻഡെയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ഭരണഘടനാപരമായി ശരിയാണ്.

ഉദ്ധവ് രാജിവച്ചിരുന്നില്ലെങ്കിൽ തൽസ്ഥിതി തുടരാൻ ഉത്തരവിടുമായിരുന്നു എന്നും കോടതി പറഞ്ഞു.

പാർട്ടിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാനുള്ളതല്ല വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പിനായി സഭ വിളിച്ചു ചേർക്കാൻ ഗവർണർക്കു മതിയായ കാരണം വേണമെന്നും കോടതി.

പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയിട്ടില്ല. പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ പ്രമേയം ഗവർണർ പരിഗണിക്കാൻ പാടില്ലായിരുന്നു എന്നും നിരീക്ഷണം.

ഭരണഘടന നൽകാത്ത അധികാരമാണ് ഇക്കാര്യത്തിൽ ഗവർണർ ഉപയോഗിച്ചത്. ഇത് പിഴവാണ്. ആരും പിന്തുണ പിൻവലിക്കാതെയാണ് സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന സ്വയം വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ ഗവർണർ വിശ്വാസം തെളിയിക്കാൻ ആവശ്യപ്പെട്ടത്.

ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്‍റെ പിന്തുണയുള്ള ഭരത് ഗോഗവാലെയെ ശിവസേനയുടെ വിപ്പായി നിയമിച്ച നിയമസഭാ സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

Continue Reading