Connect with us

Crime

വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരൻ‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Published

on

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരൻ‌ ആത്മഹത്യ ചെയ്തതിനു പിന്നാലെ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാം കസ്റ്റഡിയിൽ.പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് പുലർച്ചെ ഒന്നരയോടെയാണ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണിദ്ദേഹം. ബാങ്കിന്‍റ മുൻ സെക്രട്ടറി രമാദേവിയേയും ചോദ്യം ചെയ്യും.

ചൊവ്വാഴ്ച്ചയാണ് വായ്പാ തട്ടിപ്പ് കേസിൽ കർഷകനായ രജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് എബ്രഹാം ഉൾപ്പടെയുള്ളവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എബ്രഹാമിനെതിരെ നടപടിയെടുക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ബാങ്ക് രേഖാപ്രകാരം രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ട്. എന്നാല്‍ 80,000 രൂപ മാത്രമാണു താൻ വായ്പയെടുത്തതെന്നും, ബാക്കി തുക തന്‍റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നുമായിരുന്നു രാജേന്ദ്രന്‍റെ പരാതി. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

2017ലാണ് രാജേന്ദ്രൻ കോടതിയിൽ പരാതി നൽകിയത്. 70 സെന്‍റ് സ്ഥലവും വീടും ഈട് വച്ചിരുന്നു. ഇതിന്‍റെ മറവിലാണ് കോണ്‍ഗ്രസ് ഭരണസമിതി രാജേന്ദ്രനെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. വായ്പാ തട്ടിപ്പ് കേസില്‍ ഏഴ് മാസത്തോളം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ സമരം നടത്തിയിരുന്നു. എന്നാൽ, കേസ് എടുത്തു എന്ന് പറഞ്ഞതല്ലാതെ രാജേന്ദ്രന് നീതി ലഭിച്ചില്ല.

73,000 രൂപയുടെ കടബാധ്യതയാണ് ഇന്ന് 41 ലക്ഷത്തിലേക്ക് എത്തിനില്‍ക്കുന്നതെന്നും രാജേന്ദ്രന്‍റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നാട്ടുകാർ ആരോപിച്ചു. സഹകരണ ബാങ്കിന്‍റെ വായ്പാ തട്ടിപ്പിന്‍റെ ഇരയാണ് രാജേന്ദ്രനെന്നും നാട്ടുകാർ പറയുന്നു.ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോയതോടെയാണ് ആത്മഹത്യയിലേക്ക് രാജേന്ദ്രൻ കടന്നതെന്നാണ് ബന്ധുക്കളും ആരോപിച്ചിരുന്നത്.

Continue Reading