Connect with us

Crime

ആര്‍ഷോയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്ററും ചില മാധ്യമങ്ങളും ചേര്‍ന്ന്  ഗൂഢാലോചന നടത്തിയെന്നാണ് പരാതി

Published

on

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഡിജിപിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. താന്‍ രജിസ്റ്റര്‍ ചെയ്യാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ തന്റെ പേര് ഉള്‍പ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി പ്രകാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് അന്വേഷണ ചുമതല നൽകി ഡി.ജി.പി ഉത്തരവിട്ടു.

തെറ്റായ മാര്‍ക്ക് ലിസ്റ്റാണ് പുറത്തുവന്നത്. മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ വിനോദ് കുമാറും ചില മാധ്യമങ്ങളും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആർഷോവിന്റെ പരാതിയില്‍ പറയുന്നത്.

എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന ആരോപണത്തിന് പിന്നില്‍ അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ചര്‍ച്ചയാകാതിരിക്കാനുള്ള മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്ന് ആര്‍ഷോ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മഹാരാജാസ് കോളജിനുള്ളില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ക്യാമ്പസിനകത്ത് നടന്ന ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണം. മാധ്യമ ഗൂഢാലോചന നടന്നോയെന്നും സംശയമുണ്ട്. കോട്ടയം ജില്ലയിലെ അമല്‍ജ്യോതി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത വിഷയം ഏറ്റെടുത്ത് എസ്എഫ്ഐ ശക്തമായ സമരവുമായി മുന്നോട്ടുപോകുമ്പോഴാണ് ആ സമരത്തെ പൊതു സമൂഹത്തില്‍ എത്തിക്കാത്ത മാധ്യമങ്ങള്‍ എസ്എഫ്ഐയ്ക്ക് പിന്നാലെ വരുന്നത്.

എസ്എഫ്ഐയെ മോശമായി ചിത്രീകരിച്ച് അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ മരണം പൊതുസമൂഹത്തില്‍ എത്തിക്കാത്ത തരത്തില്‍ പണം പറ്റി ചില മാധ്യമങ്ങള്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് സംശയമുണ്ട്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഒരുദിവസം മൂന്നോനാലോ വട്ടം നിലപാട് മാറ്റി പറയുകയാണ്. വിഷയത്തില്‍ പൊലീസിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും പരാതി നല്‍കും. മാധ്യമങ്ങള്‍ അവകാശപ്പെടുന്ന പോലുള്ള ക്രെഡിബിലിറ്റി തനിക്കുമുണ്ട്. രണ്ടുദിവസക്കാലം വ്യാജ വാര്‍ത്തകളിലൂടെ എസ്എഫ്ഐയെ ആക്രമിച്ചു. പി എം ആര്‍ഷോ എന്ന എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ, അധ്യാപകരെ സ്വാധീനിച്ച് കൃത്രിമം കാണിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന ഒരാളാണെന്ന് സ്ഥാപിക്കുന്ന സ്ഥിതിയുണ്ടായി. എന്തുണ്ടെങ്കിലും എസ്എഫ്ഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനം അവസാനിപ്പിക്കണം.- പി എം ആര്‍ഷോ പറഞ്ഞു

Continue Reading