Crime
വിദ്യ ഒളിവിലെന്ന് പോലീസ് ഹോസ്റ്റലിൽ തന്നെ ഒളിഞ്ഞിരിക്കുന്നുവെന്ന് കെ.എസ്.യു

അഗളി: എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യ ഗസ്റ്റ് അധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ അഗളി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും വിദ്യ ഒളിവിലെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ വിദ്യ ഹോസ്റ്റലിൽ തന്നെ ഒളിഞ്ഞിരിക്കുന്നുവെന്നാണ് കെ.എസ്.യു.വിന്റെ ആരോപണം. കേസെടുത്ത ശേഷം ചോദ്യംചെയ്യാൻ പോലും തയ്യാറാകാതെ പോലീസ് മെല്ലെപ്പോക്ക് നയം തുടരുകയാണ്. അട്ടപ്പാടി ഗവ. ആർ.ജി.എം. കോളേജിൽ ഹാജരാക്കിയ വ്യാജരേഖകൾ കണ്ടെത്താൻ അഗളി പോലീസ് കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജരേഖയുമായി ബന്ധപ്പെട്ട സംഭവം പുറത്തുവരുന്നത്. എന്നാൽ തുടക്കം മുതൽ തന്നെ സാങ്കേതിക പ്രശ്നം പറഞ്ഞ് പോലീസ് കേസ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. മഹാരാജാസ് കോളേജിൽ നിന്നുള്ള പരാതി എറണാകുളം പോലീസിലാണ് ലഭിക്കുന്നത്. കേസ് അഗളി പോലീസിൽ കൈമാറുന്നത് ഒരാഴ്ചയ്ക്ക് ശേഷമാണ്. കഴിഞ്ഞ ദിവസമാണ് അഗളി പോലീസിന് എറണാകുളം പോലീസ് കേസ് കൈമാറിയത്. ഇതിനിടെ വിദ്യയെ കണ്ടെത്തി ചോദ്യംചെയ്യാനോ വിളിച്ചു വരുത്താനുള്ള നടപടിയോ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പരക്കെ പരാതി ഉയർന്നിട്ടുണ്ട്.