Crime
അവിവാഹിതയാണെന്നത് പരിഗണിക്കണം, ജാമ്യം നിഷേധിക്കേണ്ട തരത്തിൽ കുറ്റം ചെയ്തിട്ടില്ല, ആരെയും കബളിപ്പിച്ചിട്ടില്ല

കാസർകോട്: വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് കേസിൽ നിലേശ്വരത്ത് രജിസ്റ്റർ ചെയ്‌ത കേസിലും മുൻകൂർ ജാമ്യം തേടി കെ വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ വിദ്യ ഇതുസംബന്ധിച്ച അപേക്ഷ നൽകി. കരിന്തളം സർക്കാർ കോളേജിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് എടുത്ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്
അവിവാഹിതയാണെന്നത് പരിഗണിക്കണം, ജാമ്യം നിഷേധിക്കേണ്ട തരത്തിൽ കുറ്റം ചെയ്തിട്ടില്ല, ആരെയും കബളിപ്പിച്ചിട്ടില്ല എന്നിങ്ങനെയാണ് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നത്. അപേക്ഷ ഈ മാസം 24ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.നീലേശ്വരം കരിന്തളം ഗവ. കോളേജിൽ ഗസ്റ്റ് ലക്ചററായി വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് കരിന്തളത്ത് ജോലി ചെയ്തത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ട് ഗവ. കോളേജിൽ 2021-22 അദ്ധ്യയന വർഷം ഒക്ടോബർ മുതൽ മാർച്ച് വരെയും ജോലി ചെയ്തിരുന്നു.അട്ടപ്പാടി ഗവൺമെന്റ് കോളജിൽ മലയാളം ഡിപ്പാർട്ട്മെന്റിലെ അഭിമുഖത്തിനായി 2018-19, 20-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായി മഹാരാജാസിൽ പ്രവർത്തിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെയാണ് വിദ്യയുടെ കള്ളം പുറത്തായത്. സംശയംതോന്നിയ അദ്ധ്യാപകർ മഹാരാജാസിൽ അന്വേഷിച്ചന്വേഷിപ്പോൾ സത്യം പുറത്തുവരുകയായിരുന്നു.