KERALA
പി.കെ ശശിയെ തരം താഴ്ത്തി പാലക്കാട് ജില്ലയിൽ കൂട്ട നടപടി

പാലക്കാട്: മുതിർന്ന നേതാവ് പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി സിപിഎം. ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണ് ശശിക്കെതിരെയുള്ള നടപടി. വി.കെ ചന്ദ്രനെയും ജില്ലാ കമ്മിററിയിലേക്ക് തരം താഴ്ത്തി. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പി.കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട് സ്വീകരിക്കും..
ശശിക്കെതിരെ അന്വേഷണ കമ്മിഷൻ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ശശിക്കെതിരായ പരാതികളിൽ അന്വേഷണം നടത്തിയത്. മണ്ണാർക്കാട്, ചെർപ്പുളശേരി ഏരിയാ കമ്മിറ്റികളിൽ നിന്നാണ് കൂടുതലും പരാതി ഉയർന്നത്. പാർട്ടി അറിയാതെ സി പി എം ഭരണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് വൻതുക പല കാര്യങ്ങൾക്കായി പി കെ ശശി വകമാറ്റി, ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമാണ ഫണ്ടിൽ കൈകടത്തിയെന്നുമാണ് പരാതി.